Genesis 33

1അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളുകളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി. 2അവൻ ദാസിമാരെയും അവരുടെ മക്കളെയും മുൻപായും ലേയായെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും അവസാനമായും നിർത്തി. 3അവൻ അവർക്കു മുൻപായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്റെ സഹോദരനോട് അടുത്തുചെന്നു.

4ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. 5പിന്നെ ഏശാവ് തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: “നിന്നോടുകൂടെയുള്ള ഇവർ ആർ” എന്നു ചോദിച്ചുതിന്: “ദൈവം അടിയനു കൃപയാൽ നല്കിയിരിക്കുന്ന മക്കൾ” എന്ന് അവൻ പറഞ്ഞു.

6അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; 7ലേയായും മക്കളും അടുത്തുവന്ന് നമസ്കരിച്ചു; അവസാനം യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു. 8“ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്” എന്ന് ഏശാവ് ചോദിച്ചതിന്: “യജമാനന് എന്നോടു കൃപതോന്നേണ്ടതിന് ആകുന്നു” എന്ന് യാക്കോബ് പറഞ്ഞു.

9അതിന് ഏശാവ്: “സഹോദരാ, എനിക്കു വേണ്ടത്ര ഉണ്ട്; നിനക്കുള്ളതു നിനക്ക് ഇരിക്കട്ടെ” എന്നു പറഞ്ഞു. 10അതിനു യാക്കോബ്: “അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കൈയിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്ക് എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ; 11ഞാൻ അയച്ചിരിക്കുന്ന സമ്മാനം വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടത്ര ഉണ്ട്” എന്നു പറഞ്ഞ് ഏശാവിനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി.

12പിന്നെ ഏശാവ്: “നമ്മുക്കുയാത്ര തുടരാം; ഞാൻ നിനക്കു മുൻപായി നടക്കാം” എന്നു പറഞ്ഞു. 13അതിന് യാക്കോബ് അവനോട്: “കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും. 14യജമാനൻ അടിയനു മുൻപായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്ക് ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം” എന്നു പറഞ്ഞു.

15“എന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിർത്തട്ടെ” എന്ന് ഏശാവ് പറഞ്ഞതിന്: “എന്തിന്? യജമാനന്റെ കൃപയുണ്ടായാൽ മതി” എന്ന് അവൻ പറഞ്ഞു. 16അങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി. 17യാക്കോബോ സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു; തനിക്ക് ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിനു തൊഴുത്തുകളും കെട്ടി; അതുകൊണ്ട് ആ സ്ഥലത്തിന് സുക്കോത്ത് എന്നു പേർ പറയുന്നു.

18യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സുരക്ഷിതമായി എത്തി പട്ടണത്തിനരികെ കൂടാരമടിച്ചു. 19താൻ കൂടാരമടിച്ച സ്ഥലത്തിന്റെ ഒരു ഭാഗം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു വാങ്ങി. അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന് ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.

20

Copyright information for MalULB